ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ മകൻ നരേഷ് ഗുജ്റാളിൽനിന്ന് സൈബർ കുറ്റവാളികൾ ഏഴു കോടിയിലധികം രൂപ തട്ടിയെടുത്തു. നരേഷിന്റെ കമ്പനിയിലെ ജീവനക്കാരനെ ആൾമാറാട്ടം നടത്തി കബളിപ്പിച്ചാണു പണം തട്ടിയെടുത്തത്.
നരേഷിന്റെ പരാതിയിൽ ഉദ്യോഗസ്ഥർ ഉടൻതന്നെ നടപടിയെടുത്തതിനാൽ നഷ്ടപ്പെട്ട 7.68 കോടിയിൽ 4.28 കോടി രൂപ മരവിപ്പിക്കാൻ സാധിച്ചു.
പോലീസിന്റെ എഫ്ഐആർപ്രകാരം ഈ മാസം 12നും 16നുമിടയിലാണ് തട്ടിപ്പ് നടന്നത്. നരേഷിന്റെ വസ്ത്രവ്യാപാര കമ്പനിയിലെ സിഎഫ്ഒയ്ക്ക് നരേഷിന്റെ ചിത്രമുള്ള പ്രൊഫൈലിൽനിന്ന് വാട്സാപ് സന്ദേശം ലഭിക്കുകയായിരുന്നു.
അടിയന്തര വ്യാപാര ആവശ്യങ്ങൾക്കായി സാധാരണ ഉപയോഗിക്കുന്ന റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റിലൂടെ (ആർടിജിഎസ്) പണം അയക്കാനായിരുന്നു തട്ടിപ്പുകാർ സിഎഫ്ഒയോട് ആവശ്യപ്പെട്ടത്. ആവശ്യം സത്യസന്ധമാണെന്നു കരുതി സിഎഫ്ഒ നാലുതവണയായി ആർടിജിഎസിലൂടെ തട്ടിപ്പുകാർക്ക് പണം അയച്ചുകൊടുത്തു.
പിന്നീട് കഴിഞ്ഞ 16ന് സിഎഫ്ഒ നരേഷിന്റെ മകൾ ദിക്ഷയുമായി സംസാരിച്ചതിലൂടെയാണ് തട്ടിപ്പ് ബോധ്യമായത്. പ്രാഥമിക അന്വേഷണമനുസരിച്ച് നരേഷിന്റെ പേരിൽ ആൾമാറാട്ടം നടത്താൻ തട്ടിപ്പുകാർ ഇദ്ദേഹത്തിന്റെ വാട്സാപ് ഹാക്ക് ചെയ്തുവെന്നാണ് സൂചന.
നരേഷിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റുമാരും വസ്ത്ര, ലെതർ വ്യാപാരികളുമാണ് ഗുജ്റാൾ കുടുംബം.